Connect with us

POEM

പൂരം

Published

on

പൂരം
………..

ത്യശൂരിൽ
വടക്കുംനാഥക്ഷേത്രത്തിൻ്റെ
വടക്കേഗോപുരനടയിൽ
വെടിക്കോപ്പ് പുരയിലിരുന്ന്
മണിക്കുട്ടൻ്റെച്ഛൻ
പുട്ട് കുത്തണത് കണ്ടിട്ടുണ്ടോ ..?

ചുട്ടെടുത്ത ചങ്ക്
പൊടിച്ച് തരിയാക്കി
മേമ്പൊടിക്ക് വിഷാദം ചേർത്ത്
വേവിച്ച് ,കുത്തിയെടുത്തത്
ആകാശത്തിൻ്റെ അണ്ണാക്കിലേക്ക് ….

അമ്പലത്തിന് വടക്ക്
വാടക വീട്ടിലെ
അടുക്കളത്തിണ്ണയിലിരുന്ന്
മണിക്കുട്ടൻ്റെമ്മ
കതിന നിറയ്ക്കണത്
കണ്ടിട്ടുണ്ടോ ..?

ജീവിതം പോറി
ചെതുമ്പലിച്ച കൈകൊണ്ട് ,
അരിപ്പൊടി കുഴച്ച് പരുവമാക്കി
മൊമ്പൊടിക്ക് തേങ്ങാപ്പീര ചേർത്ത് ,വേവിച്ച്
കുത്തിയെടുത്തപ്പോൾ .. തീ !

അരിച്ച് കയറിയ തീയാളി
വിശന്ന വയറുകൾ പൊട്ടിച്ചിതറി .
ആകാശത്തിന്ന്, അരിപ്പൊടിപ്പൂരം …

കണ്ണൻ സിദ്ധാർത്ഥ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

POEM

ജീവിതം

Published

on

ജീവിതം
………………

നിന്റെ ലോകങ്ങൾ
എന്റെ ലോകങ്ങൾ
നമ്മുടേതില്ല ലോകങ്ങൾ
നിന്റെ വാഴ് വുകൾ
എന്റെ വാഴ് വുകൾ
നമ്മുടേതില്ല വാഴ് വുകൾ
നിന്റെ നേരങ്ങൾ
എന്റെ നേരങ്ങൾ
നമ്മുടേതില്ല നേരങ്ങൾ
വീണ പൂവിനും ,വാണപൂവിനും
വേരിലൂടല്ലേ നീർവഴി…
ചാഞ്ഞകൊമ്പിനും, നീണ്ടകൊമ്പിനും
വേരിലൂടല്ലേ, നേർവഴി
പാരിലാകെ പരന്ന കൂരിരുൾ
സൂര്യനെത്തുംവരെയുള്ളൂ ..
മനസ്സിലാകെ, പരന്ന കൂരിരുൾ
നീയുമെത്തുംവരേയുള്ളൂ …
ഉണ്മ തോന്നിക്കും ,നിൻ കണ്ണിൽ ഞാൻ കണ്ടു..
വെണ്മ തോന്നിക്കും എന്നിടം
ജന്മ കാലം കൊഴിഞ്ഞു പോയാലും
എന്നന്തരാത്മാവിൻ ,ജീവനേ
എന്നിൽ പാതി നീ
നിന്നിൽ പാതി ഞാൻ
ജന്മാന്തകാലസുഗന്ധമേ …


കണ്ണൻ സിദ്ധാർത്ഥ്
02/05/26

Continue Reading

Trending